Friday, September 25, 2015

വരട്ടു ചൊറി


വരട്ടുചൊറി ഒരു രാഷ്ട്രീയമാണ്;
അതേ രാഷ്ട്രീയ വായനയിലാണ്
ചാനൽ സീരിയൽ കാണാത്ത,
ചാനൽചർച്ചകൾ എന്തെന്നറിയാത്ത
ആദിവാസികൾ
വരേണ്യവർഗത്താൽ ശപിക്കപ്പെടുക...
വരട്ടുചൊറി വാദം
ഇന്നെന്നല്ല എന്നുമുണ്ടായിരുന്നു.
പാർശ്വവൽകൃതർ
കർഷകർ
ആത്മഹത്യ ചെയ്താൽ
അത് അതേ ചൊറിയുടെ വിളയെന്ന്
നാമറിഞ്ഞിരുന്നില്ലെന്ന് മാത്രം...
എൻഡോസൾഫാനൊരു നുണയെന്ന്
ആദിവാസികൾ മനുഷ്യരല്ലെന്ന്
വൈകാതെ എഴുതപ്പെടും...
ഹൃദയം ചൊറിയുടെ ദേശമായി മാറുമ്പോൾ
വർഗീയത തിമിർത്താടുമ്പോൾ
ഒരു കാറ്റ്,
ഒരു മഴ,
അല്ലെങ്കീലൊരു ഭൂമികുലുക്കം;
അതെ,
തങ്ങളെ മൊത്തമായും കുലുക്കുന്നത്,
പിഴുതെറിയുന്നത്
മനുഷ്യൻ മാത്രം സ്വപ്നം കാണും...
അത് അങ്ങനെ തന്നെയാണ്;
രാഷ്ട്രീയവും മതങ്ങളും തോറ്റുപോയ ഇടത്ത്
കലാസാഹിത്യം ഒറ്റുകാരാൽ വിഷമയമായ ഇടത്ത്
അധികാര കഴുകന്മാർ ഉറഞ്ഞു തുള്ളുന്ന ഇടത്ത്
മനുഷ്യൻ കാത്തിരിക്കുക
പ്രകൃതി ദുരന്തങ്ങളെയാവും...

No comments:

Post a Comment