Sunday, March 24, 2013

ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്

പുഴയുടെ ഉടമസ്ഥതാവകാശത്തെ ചൊല്ലി
കടന്നു പോകുന്ന ഇടങ്ങളിലെ ബഹളങ്ങൾ..
പുഴ ആർക്ക് സ്വന്തം, മഴക്കോ, കടലിനോ...
കാറ്റിലൊരു മണൽ മാഫിയാ,
രാഷ്ട്രീയ ചിരി...
ടിപ്പർ ലോറിയുടെ വകതിരിവില്ലാത്ത ഇരമ്പൽ..
കിളിയുടെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നത്തിൽ പുഴ...

മെലിഞ്ഞതും ജലമില്ലാത്തതുമായ ഇടത്തിന്റെ
ആകാശത്തൊരു നരച്ച മേഘം ഭ്രാന്തുപിടിക്കുന്നു..

വരണ്ട ഭൂമിയില്‍ നിന്നും
പലായനത്തിന്റെ സ്വരങ്ങൾ...
എന്താണു പെയ്യാനൊരുങ്ങുന്നത്,
തീമഴയോ...

ഒരിക്കല്‍ അവിടെ നിന്നും
പ്രണയത്തിന്റെ പ്രാവുകളെ പറത്തിവിട്ടിരുന്നു...
തടവിൽ നിന്നും മോചനം ലഭിച്ച ചിറകുകൾ
മനുഷ്യ ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ...

ഇനിയുമടങ്ങാത്ത ആർത്തിയോടെ
മരവിച്ച അധികാരത്തിന്റെ ചുണ്ടുകള്‍
ചോരക്കായി ദാഹം കൊള്ളുന്നു...
പലായകരുടെ ശൂന്യമായ ചട്ടികളിലുമാ കണ്ണ്..
കപട സോഷ്യലിസവും ഫാസിസവും മുതലാളിത്വവും
പുരോഹിതരും ഒരേ പാനീയത്തിന്റെ ലഹരിയിൽ...
ഇരുട്ടിൽ,
പരിസരങ്ങളിൽ
കഴുകച്ചിരികൾ..