Friday, April 22, 2011

ജനിതക മാറ്റം നവ സാമ്രാജ്യത്വ ഭീകരത…

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്.  അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.  മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും  ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും  സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ  കാണുന്നു.  എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ    ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ  കൂട്ടകുരുതിയും  അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.

No comments:

Post a Comment