Friday, February 18, 2011

നാറുന്ന കേരളം

രാഷ്ട്രീയ രംഗത്ത് നോക്കുമ്പോള്‍ അറപ്പോ വെറുപ്പോ? മൈക്കിനു മുന്നില്‍ നിന്ന് സുധാകരന്‍ ആവേശത്തോടെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് കണ്ണുള്ളവര്‍ കണ്ടതാണ്, കാതുള്ളവര്‍ കേള്‍ക്കുകയും. എന്നിട്ടും ഉളുപ്പില്ലാതെ സുധാകരന്‍ പറയുന്നു, കണ്ടു എന്ന് ആലങ്കാരികമായി പറഞ്ഞതാണ് എന്ന്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സുധാകരനെ പിന്താങ്ങുന്നു; സുധാകരന്‍ ഒരാവേഷത്തിനു പറഞ്ഞതാണെന്ന്. ഏതാനും ദിവസം മുമ്പ് adv.ജയശങ്കറും അക്കാര്യം സൂചിപ്പിക്കുകയുണ്ടായി; സുധാകരന്‍ ആവേശത്തിന് പറഞ്ഞിരിക്കാം എന്ന്. ആ പ്രസംഗം കഴിഞ്ഞു സുധാകരന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിരുന്നു. ഒരാവേശത്തിനു എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ? ആരാണ് അത്തരം അവകാശം അവര്‍ക്ക് പതിച്ചു കൊടുത്തത്? കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സുധീരന്‍ / അബ്ദുള്ള കുട്ടി വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ട് പറയുകയുണ്ടായി, അബ്ദുള്ള കുട്ടിക്ക് കോണ്ഗ്രസ് സംസ്കാരം എന്തെന്ന് അറിയില്ലെന്ന്. എങ്കില്‍ ഇതാണോ കോണ്ഗ്രസ് സംസ്കാരം?

പിള്ളക്ക് അടി കൊണ്ടപ്പോള്‍ പിള്ള ഇടതു പക്ഷത്തിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു. ഇടതു പക്ഷത്തെ പലരും അകത്തു പോകുമെന്ന് പറയുന്നു.

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആ നാറ്റം അത്രയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി നാം മലയാളികള്‍ .

അതവര്‍ തലങ്ങും വിലങ്ങും പറയട്ടെ. രാഷ്ട്രീയക്കാര്‍ കൊള്ളരുതാത്തവര്‍ ആയി കാണാം. ഏതൊരു തെമ്മാടിയുടെയും അവസാന ആശ്രയമാണ് രാഷ്ട്രീയം എന്ന് പ്ലേറ്റോ പറഞ്ഞത് ഓര്‍ത്ത്‌ ആശ്വസിക്കാം. പക്ഷെ നമ്മള്‍ ഇങ്ങനെ വഞ്ചിക്കപ്പെടണോ? ഇങ്ങനെ കഴുതകള്‍ ആകാന്‍ മാത്രം എന്ത് തെറ്റാണ് നമ്മള്‍ ചെയ്തത്? യാതൊരു ഉളുപ്പുമില്ലാതെ കണ്ടു എന്ന വാക്കിനെ തിരുത്തി പറയുമ്പോള്‍ നമ്മള്‍ കഴുത എന്ന തലത്തില്‍ നിന്നും താഴുകയല്ലേ?

ഇവിടെ എന്തെല്ലാമോ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശിഷ്ടം നില്‍ക്കുന്ന നമ്മുടെ വിശ്വാസത്തെ പോലും തകിടം മറിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ വളരുന്നു.

ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ നമ്മുടെ വേദന...

No comments:

Post a Comment