Wednesday, October 27, 2010

പ്രണയത്തിന്റെ മിണ്ടാ പ്രാര്‍ത്ഥന

സന്ധ്യയുടെ ആകാശത്തേക്ക് പറന്നു നീങ്ങിയ കൊറ്റികളില്‍ ഞാനെന്റെ പ്രണയം ദര്ശിച്ചിട്ടുണ്ട്. എങ്ങോ ഇരിക്കുന്ന നിന്നില്‍  എത്തിച്ചേരാനുള്ള വെമ്പല്‍ വായുവില്‍ താളം പകര്‍ന്ന ചിറകുകളില്‍  ന്നിന്നും വായിച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ ഞാനാ കൊറ്റികളില്‍ ഒന്നായി മാറി. പിന്നെ മേഘക്കൂട്ടിന്റെ ഇരുണ്ട ഏകാന്തതയിലേക്ക് ഞാനങ്ങനെ തുഴഞ്ഞു.   .
 
പടിഞ്ഞാറെ ചായക്കൂട്ടിലേക്ക്‌ പറന്നു പോയ കൊറ്റികള്‍ പിന്നീട് മടങ്ങി വന്നോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം മടങ്ങി വരാത്തത് പോലെ നിന്നിലേക്കുള്ള എന്റെ സഞ്ചാരത്തിനു മടക്കമില്ല. എന്റെ ഓരോ യാത്രയും പുനര്‍ജനിയാണ്. എങ്ങനെയെന്നോ നീ നിത്യവും എന്നില്‍ നിറയുന്നത് പോലെ. ക്ലാസ് മുറിയിലെ ഉച്ചയില്‍ വാടിയ ഇലയുടെ അറ്റത്തു വറ്റിനു  മീതെ ഈച്ചയുടെ ആ മിണ്ടാപ്രാര്‍ത്ഥന ഇന്നെനിക്കു നിന്റെ പ്രണയമാണ്. എന്റെ ഹൃദയത്തിന്റെ വക്കില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന നിന്നെ ഞാന്‍ ആ നിശബ്ദതയായി വായിക്കുന്നു.
കാലം പോകുന്നു. ഇത്തിരി പോന്ന ഈ ഭൂമിയില്‍  നിന്നെ മാത്രം കാണുന്നില്ല. ഇന്നലെയെ നഷ്ടപ്പെടുന്നത് പോലെ ഓരോ നിമിഷവും എനിക്ക് നിന്നെ  നഷ്ടമാകുന്നു. 
പ്രണയം നഷ്ടപ്പെടാനുള്ളതാണ്  . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.

No comments:

Post a Comment