Tuesday, September 29, 2009

ആസിയാന്‍ കരാറും ഏട്ടിലെ പശുവും...

ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?

No comments:

Post a Comment