Sunday, September 13, 2009

സൃഷ്ടിയെ കുറിച്ച്...

എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം.  കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.

ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ  കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ.  എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.

2 comments:

  1. വളരെ നല്ല ലേഖനം.എന്റെ അനുഭവത്തില്‍ കവിത ഉണ്ടാക്കുകയല്ല, ഉണ്ടാവുകയാണ്. കവിത വായനക്കാരിലെത്തിക്കുന്ന ഒരു പാലം മാത്രമല്ലേ കവി?

    ReplyDelete
  2. athe,
    kavitha hrudayathil ninnum angane oorivarikayaanu...

    ReplyDelete