Friday, August 21, 2009

മതേതരത്വം ....

 വര്‍ഗീയതയെ കുറിച്ചോ ഭീകരതയെ കുറിച്ചോ പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ജാതി മത ചിന്തകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. വര്‍ഗീയതയോ ഭീകരതയോ മതപരമാകട്ടെ രാഷ്ട്രീയപരമാകട്ടെ അത് എതിര്‍ക്കപ്പെടേ  ണ്ടത് തന്നെ. അതിനെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തിരിക്കാതിരിക്കുക. മതേതര രാഷ്ട്രത്ത് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തരം തിരിക്കുന്നത് തന്നെ ആപത്താണ്. അത്തരം തിരിവുകളിലൂടെ ഭാരതിയാര്‍ എന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്. അതുവഴി മതേതരം എന്ന ചിന്ത തന്നെ ഇല്ലാതാവുകയും.

വര്‍ഷങ്ങള്‍ക്കു മുമ്പ് സിമി എന്ന ഭീകര സംഘടന പരസ്യമായി വാര്‍ത്താ ബോര്‍ഡില്‍ എഴുതുകയുണ്ടായി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. എന്നാല്‍ അടുത്ത ദിവസം ആര്‍ .എസ്.എസിന്റെ വക എഴുത്ത് വന്നു. ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന്. സിമിയുടെ സ്വരം ഇസ്ലാമിന്റെ സ്വരമല്ല. അതുപോലെ ആര്‍ .എസ്.എസിന്റെ സ്വരം ഹിന്ദുവിന്റെയും അല്ല. നാം അതാണ്‌ മനസിലാക്കേണ്ടത്. ഏതൊരു കലാപവും നയിക്കുന്നത് ഭ്രാന്തിനു അടിപ്പെട്ടവര്‍ . അവരെ മതങ്ങളുടെ അക്കൌണ്ടില്‍ ആക്കുന്നത് ഭ്രാന്തിനു വളരാന്‍ ഇടയാക്കുന്നു..

 എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സംഭവം പറയാം. ഇവിടെ അടുത്ത് ഒരു പള്ളിയിലെ ഖത്തീബ് പ്രസംഗിച്ചു നേരെ ചൊവ്വേ നിസ്കരിക്കാത്തവന്മാര്‍ ആണ് ഡിസംബര്‍ ആറിനു പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നതെന്ന്. ഉടനെ ഖത്തീബിനു പള്ളിയിലെ ജോലിയും നഷ്ടമായി.

ആരാണ് ഇര? ഓരോ രാജ്യത്തും ഓരോ സമൂഹം ഇരയായുണ്ട്. പക്ഷെ ആത്യന്തികമായി ഇര എന്നാല്‍ ഇല്ലാത്തവന്‍ , ദരിദ്രന്‍ , കുട്ടികളും സ്ത്രീകളും. കറുത്തവനും... എവിടെയും വേട്ടക്കാരന്‍ ധനികനാണ്. ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ഏതൊരു കെടുതിയുടെയും യുദ്ധങ്ങളുടെയും, ഭീകരതയുടെയും ഇര ദരിദ്രന്‍ തന്നെ. 

സൗദി അറേബ്യയില്‍ ഷിയാക്കള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഖത്തീഫ്‌, അല്‍ ഹസ്സ എന്നീ സ്ഥലങ്ങളില്‍ ചെന്നാല്‍ ഒരു കാര്യം മനസിലാക്കാം. ഷിയാക്കള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ നല്ല റോഡുകളില്ല വികസനം ഇല്ല. അവര്‍ അവിടെ അവഗണിക്കപ്പെടുകയാണ്. അവിടെ കാര്യപ്രാപ്തി ഉള്ളവന്‍ വെളുത്തവരായ സുന്നി അറബികള്‍. അവിടെയും കറുത്തവര്‍ അവഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏതൊരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താം. പക്ഷെ സൗദി അറേബ്യയില്‍ അത് നടപ്പില്ലെന്ന് ഓര്‍ക്കണം. ഞാന്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് ഇറാഖിലെ ജനതക്കായി പ്രാര്‍ത്തിച്ച ഒരു പള്ളി ഇമാമിനെ പിന്നീട് കണ്ടവരില്ല. അതുപോലെ ഇറാഖ് യുദ്ധത്തിനെതിരെ അതിനു തണല്‍ ഏകിയ സൗദി രാജാവിന് എതിരെ അല്‍ ഖസീം എന്ന സ്ഥലത്ത് സംഘടിച്ച മുസ്ലീം പണ്ഡിതരെ അറസ്റ്റു ചെയ്തതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ അതല്ല സ്ഥിതി. ഏതൊരു ഇരക്കും ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ട്‌.

No comments:

Post a Comment